മഞ്ചേരി: നഗരത്തിലെ വിവിധ റോഡുകളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പും റവന്യു വകുപ്പും സംയുക്ത പരിശോധന നടത്താൻ തീരുമാനം. മഞ്ചേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പൊതുമരാമത്ത്, വാട്ടർ അഥോറിറ്റി, കെഎസ്ഇബി പ്രവൃത്തികളുടെ പുരോഗതികൾ വിലയിരുത്താൻ അഡ്വ. എം.റഹ്മത്തുള്ള എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരസഭയിലെ വിവിധ റോഡുകളിൽ പതിവായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ പൊട്ടുന്നതായുള്ള ജനങ്ങളുടെ പരാതികൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2026-27 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട ചെരണി-പന്നിപ്പാറ റോഡ് ബിഎം ആൻഡ് ബിസി ചെയ്യാൻ ആറ് കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി അയച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ച കൂമംകുളം സ്റ്റേഡിയം നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി വരുന്നതായും പിഡബ്യുഡി അറിയിച്ചു. തുടിയൻമല കൊടശേരി റോഡ് വാട്ടർ അഥോറിറ്റി റോഡ് കട്ടിംഗിനുള്ള തുക 75 ലക്ഷം അനുവദിച്ചു. ജെജെഎം റെസ്റ്റോറേഷൻ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കാനും മുള്ള്യാകുറിശി-പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് ചുങ്കം മുതൽ ഒറവന്പുറം വരെ ഒന്പത് കിലോമീറ്റർ ദൂരം വീതി കൂട്ടി ഡ്രൈനേജ് സൗകര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകാനും എംഎൽഎ നിർദേശിച്ചു.
പുളിയത്തോട് പാലം നിർമാണത്തിനായി 6.81 കോടി രൂപയുടെ ഡിപിആർ സർക്കാരിൽ സമർപ്പിച്ചു. റോഡുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും റണ്ണിംഗ് കോണ്ട്രാക്ടിൽ ഉൾപ്പെടുത്തിയ എല്ലാ റോഡുകളിലും പ്രവൃത്തികൾ നടന്നുവരുന്നതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. നഗരസഭാ കൗണ്സിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ്, സ്ഥിരംസമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, കെ.പി. ഉമ്മർ, നഗരസഭാ സെക്രട്ടറി വൈ. പി. മുഹമ്മദ് അഷ്റഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹുസൈൻ മേച്ചേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. മുഹമ്മദ്, പി.കെ. മൂസക്കുട്ടി, സി. മുഹമ്മദ് ബാബു, വൈസ് പ്രസിഡന്റുമാരായ ലില്ലി മാത്യു, സാജിദ, എൽഎ ജനറൽ സ്പെഷൽ തഹസിൽദാർ പി. ഷിബു, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർ ബഷീർ, മുനിസിപ്പൽ എൻജിനിയർ പി. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.